Monday 6 August 2012

NIZHALPOLE. (malayalam poem) - ANWAR SHAH UMAYANALLOOR - നിഴല്‍പോലെ (മലയാളകവിത) അന്‍വര്‍ ഷാ ഉമയനല്ലൂര്‍



കവിത               അന്‍വര്‍ ഷാ ഉമയനല്ലൂര്‍
Poem              Anwar Shah Umayanalloor


നിഴല്‍പോലെ

ഒരു ശോകശ്ലോകമായിന്നെന്റെമുന്നില്‍ നീ-
യെന്തിനായ് വന്നു മിഴിതുടച്ചു;
ഇഴകളകന്നുപോകുന്നയീ ജീവിത-
പ്പുടവയിന്നഴലാല്‍പ്പൊതിഞ്ഞുവച്ചു ?

തിരികേയൊരുകടലേകുവാനെങ്കില്‍ നീ-
യെന്തേ തൃസന്ധ്യ തിരഞ്ഞെടുത്തു
താനേയടഞ്ഞുപോകുന്നയീ വാതിലിന്‍
ചാരെയൊരുനീഴലായിനിന്നു ?

നിറമാര്‍ന്ന ചാറ്റല്‍മഴനാം പരസ്പരം
പങ്കിട്ടു പണ്ടെത്രയാസ്വദിച്ചു
പക്ഷെ-നീ-യിന്നീപ്പെരുമഴയൊറ്റയ്ക്കു
നന്നായ്‌പ്പൊതിഞ്ഞു മറന്നുവച്ചു.

തീരാക്കടംകഥപോലെന്‍ കനവുകള്‍-
ക്കുളളില്‍നീയൊരുചോദ്യമായിനില്‍ക്കേ,
സത്യത്തിലീമനമറിയാതെയൊരുകനല്‍
ക്കൂനയായ്‌ത്തീരുകയായിരുന്നു.

ഒരുകുഞ്ഞുപക്ഷിയോടിന്നെന്റെയുളളിലെ-
ക്കരയുന്ന നിളതന്‍ കഥപറഞ്ഞു
തിരിയാതെയീഗ്രീഷ്മചക്രമെന്‍ ഹൃത്തുപോ-
ലറിയാതെ നിന്‍വിധിയോര്‍ത്തുനിന്നു.

മകളെന്ന മുകുളം മലരായിമാറുവാന്‍
നാളുകളെത്രഞാന്‍ കാത്തിരുന്നു
തളരാതെയിക്കാലമത്രയും നോവിന്റെ-
വേനല്‍ക്കുടിച്ചു സഹിച്ചുനിന്നു.

ഹൃത്താളമിടറിയ രാവൊന്നില്‍ ജീവന്റെ-
നാളം കെടുത്താന്‍ തുനിഞ്ഞിരുന്നു
ഇന്നുമീ സന്ധ്യയ്ക്കതിന്നായൊരുങ്ങവേ-
യിങ്ങുനീ-കാവ്യമായൊഴുകിവന്നു.


No comments:

ജീവിതം...ഈവിധം.. (അന്‍വര്‍ ഷാ ഉമയനല്ലൂര്‍)

 ഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃ ...