Saturday, 23 March 2013

ഒസ്യത്ത് (മലയാളം കവിത)-അന്‍വര്‍ ഷാ ഉമയനല്ലൂര്‍


കവിത          അന്‍വര്‍ ഷാ ഉമയനല്ലൂര്‍
Poem          Anwar Shah Umayanalloor

ഒസ്യത്ത്

തളരരുത്, കൈപിടിച്ചരികിലൂടിങ്ങനെ-
തുടരേണമോമനക്കുഞ്ഞേ,
ഞാനില്ലയെങ്കിലുമീവഴികള്‍ നിന്നുടെ-
യാത്രയ്‌ക്കനുഗുണംതന്നെ.
തുണയായിടേണമീ,നാടി,ന്നൊരുപാടു
നന്മകള്‍ചെയ്യുക! പൊന്നേ
താണനിലത്തേയൊഴുകു,നീരെന്നു,നീ-
യറിയേണമീ-ദിനം-ധന്യേ.
മേനിനടിക്കാതിരിക്കാന്‍ ശ്രമിക്കുകില്‍
താനേവളര്‍ന്നിടാം, മുന്നേ
മേനിനന്നാക്കുവാനല്ല; നാം നേരിന്റെ
തേരാളിയാകണം പിന്നെ.
ചാഞ്ഞുപോകാതെ,യുറച്ചുനിന്നീടുകി-
ലാമോദമപരര്‍ക്കുമേകാം
സ്വപ്‌നങ്ങള്‍ മാറിമറിഞ്ഞീടുമെങ്കിലും
വഴിപിഴച്ചീടാതെ പോകാം.
ബന്ധങ്ങളൂട്ടിയുറപ്പിച്ചുനിര്‍ത്തു,കെന്‍
മന്ദസ്‌മിതംഞാന്‍ പകരാം
സന്ദര്‍ശകര്‍മാത്രമാണു,നാം ധരയിതി-
ലെന്നറിയാന്‍ ശ്രമിച്ചീടാം.
കണ്‍നിറഞ്ഞീടുന്നതെന്തിനെന്നോമന-
ക്കുഞ്ഞേ,മറക്കരുതെന്നും
ചിന്തനംചെയ്യുകെന്‍ ജീവിതപുസ്‌തക-
മസ്‌തമിച്ചീടുന്നു ഞാനും.

Wednesday, 20 March 2013

പ്രിയകവി സുഗതകുമാരിടീച്ചറിന് അഭിനന്ദനങ്ങള്‍

സരസ്വതി സമ്മാന്‍ നേടിയ പ്രിയകവി ശ്രീമതി. സുഗതകുമാരി ടീച്ചര്‍ക്ക് ഹൃദയംനിറഞ്ഞ ആശംസകള്‍

ഇടത്താവളം - സുഗതകുമാരി ടീച്ചര്‍ അവതാരികയെഴുതിയ എന്റെ ആദ്യ കവിതാസമാഹാരം

Friday, 8 March 2013

സ്ത്രീയും നിശാഗന്ധിയും (കവിത) - അന്‍വര്‍ ഷാ ഉമയനല്ലൂര്‍കവിത             അന്‍വര്‍ ഷാ ഉമയനല്ലൂര്‍
Poem             Anwar Shah Umayanalloor


ഇന്ന് ലോക വനിതാദിനം

സ്‌ത്രീയും നിശാഗന്ധിയും


നീയൊരു പാതിരാപുഷ്പം, നിന്റെ
ജീവിതംതന്നെ സന്ദേശം
ചാരുതയേകുന്ന പാരില്‍-നിന്നെ
യോര്‍ത്തിടുന്നീ നീലരാവില്‍.
* * *

വിരഹിണിയാണുഞാനെന്നും-നിന്നെ-
യറിയിച്ചതേയില്ലൊതുന്നും
വെയിലേറ്റുവാടാന്‍ പിറന്നു-മണ്ണി-
ലീ,വിധിയെന്നും തുടര്‍ന്നു.

പരിമളമില്ലാത്ത ജന്മം-നാരി-
യനുഭവിച്ചീടിലധര്‍മ്മം
ചുളിവുകള്‍ വീഴുമീ നേരം-ആരു
വീണ്ടെടുത്തേകുമെന്‍ സ്മേരം?

ശോകേനയെത്തുന്നു കാലം-നേരില്‍
മരവിച്ചുപോകുന്നു മോഹം
അറങ്ങിലൊരുപോല്‍ ഹസിച്ചു-പക്ഷെ-
യണിയറയില്‍ഞാന്‍ സഹിച്ചു.

തെല്ലുമേയില്ലാത്മവീര്യം-ശാന്തി-
യേകില്ലെ ജീവിതാരാമം
കുരുതിനല്‍കുന്നുഞാനെന്നെ-പകര-
മേകുകില്ലിന്നുഞാന്‍ നിന്നെ.

Tuesday, 5 March 2013

മഹാത്മജി (കവിത) - അന്‍വര്‍ ഷാ ഉമയനല്ലൂര്‍ - Mahathmaji (Malayalam Kavitha) - Anwar Shah Umayanalloor


കവിത                              അന്‍വര്‍ ഷാ ഉമയനല്ലൂര്‍

മഹാത്മജി

വൈദേശികാധിപത്യത്തിന്റെ ചങ്ങല-
ക്കെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞൂ മഹാത്മജി
അന്ധകാരത്തില്‍ വലഞ്ഞയീരാജ്യത്തെ,
ബന്ധനത്തില്‍നിന്നു മുക്തമാക്കി.

വാക്കിന്റെമുന്നില്‍വിറയ്‌ക്കാതെ ഭാരത-
മക്കള്‍ക്കുണര്‍വ്വേകി ശക്തരാക്കി
തോല്‍ക്കാതെ തോളോടുതോള്‍ചേര്‍ത്തുനിര്‍ത്തി
തോക്കെടുത്തോര്‍ത്തന്നെ പത്തിതാഴ്ത്തി.

കര്‍മ്മത്തിലടിയുറച്ചെന്റെ രാജ്യത്തിന്റെ
ധര്‍മ്മ-ശാന്തിക്കായി കാവല്‍നില്‍ക്കേ,
സാമര്‍ത്ഥ്യമായുപയോഗിച്ചു സര്‍വ്വഥാ
സത്യമെ;ന്നായുധമുക്തിമാര്‍ഗ്ഗം.

വിശ്വമെമ്പാടും പരന്നൂ പരിത്യാഗ-
ശീലനാം ഗാന്ധിതന്‍ സ്‌മേരമന്ത്രം
ഒട്ടും വിലപ്പോയതില്ലയിംഗ്ലീഷുകാര്‍
നമ്മെ ബന്ധിക്കാന്‍ മെനഞ്ഞ തന്ത്രം.

ഹൃദയത്തിലുയരും പ്രതീക്ഷപോലൊരുമതന്‍
സമരം കെടാവിളക്കായ്‌ത്തെളിഞ്ഞു;
മമ ജന്മനാടിന്റെ സ്വാതന്ത്ര്യലബ്‌ധിയ്ക്കായ്
നമ്മനിറഞ്ഞവര്‍ ചേര്‍ന്നുനിന്നൂ.

ആര്‍ദ്രമനസ്സോടെയുന്മേഷവാഹകന്‍
പിന്നെയുമേറെക്കിനാക്കള്‍ കണ്ടു
പക്ഷെ,യേതോ ബുദ്ധിമാന്ദ്യംഭവിച്ചയാള്‍
വിഷലിപ്തമാനസത്താല്‍ച്ചതിച്ചു.

ഭാഗീരഥപ്രയത്നത്തില്‍ വിജയിച്ച-
ബാപ്പുവിന്‍ ജീവന്‍ പകുത്തെടുത്തു:
ബിര്‍ലതന്‍മന്ദിരാങ്കണത്തിലാ, മണിദീപ-
മെന്നേയ്ക്കുമായി മിഴിയടച്ചു!!ജീവിതം...ഈവിധം.. (അന്‍വര്‍ ഷാ ഉമയനല്ലൂര്‍)

 ഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃ ...