മെല്ലെ..പ്പെരിയാര്‍..
പ്രിയ
മുല്ലപ്പെരിയാര്‍,
നമുക്കിടയില്‍
ദൈവവും ക്ഷണനേരവുംമാത്രം
വ്രതംനോറ്റിരിക്കുന്നിതേഴകള്‍,
തകരുന്നു
മാനസം
വിധി,യിതെന്തുവിധി;
ഞങ്ങളടിത്തിട്ടിലുളളവര്‍
മൃതി,യതിന്‍
രൂക്ഷഗന്ധംവമിപ്പിച്ചു
താഴ്‌വരെയാകെക്കറങ്ങിത്തിരിയവേ,
കരുണതന്‍
സ്മൃതിയില്‍നിന്നേറേയകന്നവര്‍-
ഞങ്ങള്‍;
വീണടിഞ്ഞീടുമെന്നിന്നുറപ്പിച്ചവര്‍.
ശ്രുതിമറന്നതിദ്രുതതാളം
തുടരവേ,
നെഞ്ചിലൂടൊരുമിന്നലധികരിച്ചീടുന്നു
ആരോടുരചെയ്തിടാന്‍?
ഞങ്ങ-
ളാരോരുമില്ലാത്തവര്‍-നിന്റെ-
കരുണയ്‌ക്കുവേണ്ടി
കൈകൂപ്പുന്നവര്‍
കണ്ണീരുവറ്റിയ
മനസ്സുകള്‍,
പിന്നെ,
എണ്ണിയാല്‍ത്തീരാത്ത
ദുരിതങ്ങള്‍പേറുവോര്‍.
കാണ്‍മതില്ലേ,
തോഴാ,
ഈയേഴകള്‍തന്നഴലിന്നടിത്തറ
മിഴിതുറന്നൊന്നുനോക്കീടുക:
കാലമേ,
വഴിതെളിഞ്ഞീടട്ടെ;യൊന്നാഗ്രഹിക്കുക!
തഴഞ്ഞിടൊല്ലേ,
ഞങ്ങള്‍
പെരുവഴിയിലായവര്‍
വേരറ്റുപോകാത്ത
കൂടെപ്പിറപ്പുകള്‍
ചിതമല്ലിതൊന്നും
ശിശിരാചലപതി-
പോലായി
കദനത്തിനുയരമെന്നാലും
കാണ്‍മതില്ലേ
തോഴാ,
കേള്‍പ്പതില്ലേ
പ്രിയ സഹജരേ
പറക്കമുറ്റാത്ത
വാക്കുകള്‍
നേര്‍ത്ത
വിലാപങ്ങള്‍
മനസാ
വചസാ കര്‍മ്മണാ സഹായിക്കില്‍
സഹസ്രകോടി
പ്രണാമമര്‍പ്പിച്ചിടാം.
------------------------------------------------
മുല്ലപ്പെരിയാര്‍
അണക്കെട്ടിന്റെ താഴ്ഭാഗങ്ങളില്‍
വസിക്കുന്നവരുടെ
പ്രാര്‍ത്ഥനാവിലാപം (2011)