Friday, 31 May 2013

പ്രിയ സുരയ്യാ... (കവിത) - അന്‍വര്‍ ഷാ ഉമയനല്ലൂര്‍


എഴുത്തുകാരി ശ്രീമതി. കമലാ സുരയ്യ വിടവാങ്ങിയിട്ട് ഇന്ന് നാല് വര്‍ഷം.

കവിത അന്‍വര്‍ ഷാ ഉമയനല്ലൂര്‍
Poem Anwar Shah Umayanalloor

പ്രിയ സുരയ്യാ..

പാടിക്കഴിഞ്ഞപോലെങ്ങുമാഞ്ഞു
നീ, വാടിത്തളര്‍ന്നതി,ന്നേനറിഞ്ഞു
സ്നേഹച്ചിറകു മുറിഞ്ഞുവീണു;
നിന്റെ നീര്‍മാതളത്തി,ന്നിലകൊഴിഞ്ഞു.

സ്മരണയിലെന്നും നിറഞ്ഞുനില്‍ക്കും
നിന്റെ പ്രിയതര കൃതികളെ,ന്നൂര്‍ജ്ജമാക്കും
ആ ദിവ്യസ്പര്‍ശം കൊതിക്കെ ചിത്തം;
തവ തൂലികയായിപ്പരിണമിക്കും.

കൂര്‍ത്തമുള്‍വേലികള്‍ത്തീര്‍ത്തു-ചിലര്‍-
നിന്റെ നേര്‍ത്തവിലാപങ്ങളാസ്വദിക്കെ,
വേദനയൂറുന്ന നിന്‍മിഴികള്‍
മമ ഹൃത്തിലുണര്‍ത്തിയതര്‍ത്ഥനകള്‍.

നിന്‍സ്വരമാധുരി മങ്ങിനില്‍ക്കേ
കാവ്യകൈരളി കണ്ണീരണിഞ്ഞിരുന്നു
ഞങ്ങള്‍ക്കുനീ,യമ്മയായിരുന്നു
നന്മ,യുളളവര്‍ നിന്നെയറിഞ്ഞിരുന്നു.

ചന്ദനം ചാലിച്ചതിന്‍ സുഗന്ധം
നിന്റെ സുന്ദരകൃതികളില്‍ തങ്ങിനില്‍ക്കേ,
നിന്‍ഹൃദന്തത്തി-ന്നിഴമുറിഞ്ഞു
ഞങ്ങളൊരുപാടുവൈകിയടുത്തുവന്നു.

സ്നേഹം കവര്‍ന്നു,നീ യാത്രയായി,
നിന്റെ ദീപ്തസ്മരണകള്‍ ബാക്കിയായി
മിഴിവുളള വാക്കുകള്‍ പൂര്‍ണ്ണമാക്കി:
ഈ ധരയില്‍നീ,യൊരുസ്മൃതികമലമായി.


Tuesday, 28 May 2013

ഇന്ന് (കവിത) - അന്‍വര്‍ ഷാ ഉമയനല്ലൂര്‍ - കൃതി-ഇനിയെങ്കിലും

-->


                 കവിത           അന്‍വര്‍ ഷാ ഉമയനല്ലൂര്‍

ഇന്ന്


പ്രാര്‍ത്ഥനപോലും പലര്‍ക്കും-ഇന്ന്
സ്വാര്‍ത്ഥനിവേദനമാകെ
കൈകൂപ്പിനില്‍ക്കെനാംചാരെ-ദൈവം
കൈവീശിയകലുന്നു ദൂരെ.

ഹൃദ്യബന്ധങ്ങള്‍ മറഞ്ഞു-നമ്മള്‍
സ്നേഹസുഗന്ധം മറന്നു
കരുണയില്ലാത്തലോകത്തില്‍-ജനം
കരുണാമയനെത്തിരഞ്ഞു.

ത്യാഗത്തിന്‍ മൂര്‍ദ്ധാവില്‍ വീണ്ടും-ദുഷ്‌ടര്‍
മുള്‍ക്കിരീടങ്ങള്‍ ചാര്‍ത്തുന്നു
ഒന്നുമറിയാത്തപോലെ-ലോകം
കണ്ടിട്ടു കണ്ണടയ്ക്കുന്നു.

ചിത്തത്തിലിത്തിള്‍ നിറഞ്ഞോര്‍-നഗ്ന-
സത്യങ്ങള്‍ മൂടിവയ്ക്കുന്നു
ജീവിതകാലം മറന്നോര്‍-ഇന്ന്
ഞാനെന്ന ഭാവം പകര്‍ന്നു.

പായല്‍ പരന്നൂകിടക്കും-ചില
കായല്‍പ്പരപ്പുകള്‍പോലെ
മാനവചിന്താസരിത്തില്‍-പല
കന്മഷങ്ങള്‍ നിറയുന്നു.

മനസ്സിലെക്കളപറിക്കാതെ-ചില-
രുലകിന്റെ കരള്‍ പിളര്‍ക്കുന്നു
ഉരുളുന്ന കാലചക്രത്തില്‍-നിന്നും
കാലുകളൂരിമാറ്റുന്നു.

വായ്‌മൂടിനില്‍ക്കാതെ കാലം-നമു-
ക്കെത്രയോ പാഠങ്ങളേകി
ചിന്തകുറഞ്ഞവരെന്നാല്‍-അതി-
ലന്ധവിശ്വാസം പരതി.

വേനലില്‍ വേഴാമ്പലാകും-മര്‍ത്യര്‍
മഴയില്‍ മതിമറന്നാടും
പ്രകൃതിയോതുന്ന വേദാന്തം-വെറും
പ്രാകൃതമെന്നു നിനയ്‌ക്കും.

ആശകള്‍ പുഴപോലൊഴുകെ-മാരി-
വില്ലുപോല്‍ ജീവിതം മായും
ഇനിയില്ലവസരമൊന്നും-എന്ന-
യറിവോടിവിടുന്നൊഴിയും.

ജീവിതപാഠഹൃദിസ്ഥര്‍-എത്ര
ധര്‍മ്മസന്ദേശം പകര്‍ന്നു
കണ്‍മുന്നില്‍ കണ്ടകാര്യങ്ങള്‍
അതിനെല്ലാമുപരിയായ്‌ത്തീര്‍ന്നു.

നന്മവിതച്ചവരിന്നും-മര്‍ത്യ-
സ്‌മൃതികളില്‍ മിന്നിനില്‍ക്കുന്നു
തിന്മയില്‍ മുങ്ങിക്കുളിച്ചോ-രാകെ
ഭൂതകാലത്തില്‍ പൊലിഞ്ഞു.

ജീവനിന്നസ്തമിച്ചെന്നാല്‍-പിന്നെ
അര്‍ത്ഥമുണ്ടാകിലെന്തര്‍ത്ഥം
നന്മതന്‍ സിംഹാസനത്തില്‍-നമ്മ-
ളില്ലെങ്കില്‍ ജീവിതം വ്യര്‍ത്ഥം.

Monday, 20 May 2013

ഉദയമാവുക! - ഏന്റെ ആറാമത് കവിതാസമാഹാരം - ഉടന്‍ പ്രസിദ്ധീകരിക്കുന്നു.

ഇടത്താവളം, ഇനിയെങ്കിലും, മറഞ്ഞുപോകുംമുന്‍പേ.., സഹനം, ഈവിധം..ജീവിതം എന്നീ 5 കാവ്യസമാഹാരങ്ങള്‍ക്കുശേഷം....  പ്രസിദ്ധീകരിക്കുന്ന പുതിയ കൃതി  - ഉദയമാവുക!










 പ്രസിദ്ധീകരണം ഉടന്‍..

 

....ഉദയമാവുക!....


ജീവിതം...ഈവിധം.. (അന്‍വര്‍ ഷാ ഉമയനല്ലൂര്‍)

 ഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃ ...