Thursday, 16 August 2012

മോചനം - കവിത -Poem - Anwar Shah Umayanalloor


കവിത               അന്‍വര്‍ ഷാ ഉമയനല്ലൂര്‍ 

മോചനം
കയ്പ്പൊന്നുമാറുവാനറിയാതെ നറുതേന്‍
സ്‌മരിച്ചപ്പോഴേകിയീ ശപ്തജന്മം
നെഞ്ചുപൊട്ടിപ്പാടു,മി-ക്കാട്ടുചോലപോല്‍
സഞ്ചരിച്ചീടാനെനിക്കുയോഗം.
ഒരുകവിള്‍ കുടിനീരിനായി,ഞാ,നലയവേ-
യേകിയതെന്തിനായുപ്പുവെളളം
വര്‍ദ്ധിച്ചിടുന്നതാമുഷ്‌ണലോകത്തില്‍ഞാ-
നിഷ്‌ടപ്പെടുന്നില്ല ശിഷ്‌ടകാലം
പാഴ്‌മരമായതിന്‍ ഹേതുഞാന്‍തിരയവേ-
യിറ്റുവീഴുന്നുവെന്‍-ജീവരക്തം
മന്ദമായൊഴുകുമി,ക്കാലമെന്‍ കൈവിരല്‍-
ത്തുമ്പില്‍ക്കുറിച്ചിട്ട-തസ്തമനം
അല്‌പം നിശ്ശബ‌്ദത കാംക്ഷിച്ചുവെങ്കിലും
കേള്‍പ്പിച്ചുവീണ്ടുമസുരവാദ്യം
താഴത്തുനിന്നുഞാനൊന്നെഴുന്നേല്‍ക്കവേ-
വീഴ്‌ത്തുവാനാശിപ്പതാരുനിത്യം?
മോചനം കാത്തുകിടക്കുന്നു നെഞ്ചി,ലെന്‍
യാചനകേള്‍ക്കാത്തയുറ്റബന്ധം
താരങ്ങളോരോ,ന്നടര്‍ന്നുപോകുമ്പോഴോ,
തീരത്തടുക്കുന്നതെന്‍ കബന്ധം.


Thursday, 9 August 2012


കവിത                അന്‍വര്‍ ഷാ ഉമയനല്ലൂര്‍
Poem             Anwar Shah Umayanalloor

ജാഗ്രത

ഉണര്‍ന്നുനോക്കുക! പുതിയൊരുഷസ്സുമായ്
വന്നിതാനില്‍ക്കുന്നു കാലം
വിശന്ന വയറിനോടോതേണ്ട മേലില്‍നാം
പശിമറന്നീടുവാന്‍ വേഗം.

കൊലച്ചിരികള്‍ മുഴക്കുവോര്‍ക്കൊക്കെയും
തെളിച്ചേകിടാം പുതുദീപം
അറച്ചറച്ചെന്തിനായ്നില്‍ക്കു-ന്നുറച്ചുനാം
വിളിച്ചോതുകൈക്യസന്ദേശം.

നിവര്‍ന്നുനില്‍ക്കുക! അതിവേഗമിനിനമ്മള്‍
കൈവരിക്കേണ്ടതാണൂര്‍ജ്ജം
തുറിച്ചുനോക്കിയോര്‍ ഗ്രഹിക്കട്ടെ, മേലിലും
വിറച്ചുപോകില്ലെന്ന സത്യം.‌

മറഞ്ഞുനില്‍ക്കുവോര്‍ വീണ്ടും ശ്രമിച്ചിടാം
ചതിച്ചുവീഴ്‌ത്തുവാ-നെന്നാല്‍
മറിച്ചതേയസ്‌ത്രം തൊടുക്കേണ്ടയിനി,നമു-
ക്കുടച്ചുവാര്‍ക്കാ-മേകലോകം.

തിരിച്ചെന്തുലാഭമെന്നോര്‍ക്കാതെ, തമ്മില്‍നാ-
മേകേണ്ടതാത്മവിശ്വാസം
ദിശാബോധമോടേയൊരുമിച്ചുചേരില്‍ നാം
വിശ്വജേതാക്കള്‍ക്കു തുല്യം.

ഈ ജഗത്തില്‍പ്പിറന്നൊന്നുപോലുയുവാ-
നാകാതെ വേദനിക്കുമ്പോള്‍
കുതിരക്കുളമ്പടികള്‍പോലെ സുദൃഢമായ്-
ത്തീരട്ടെ; നരധര്‍മ്മശബ്ദം.

Monday, 6 August 2012

NIZHALPOLE. (malayalam poem) - ANWAR SHAH UMAYANALLOOR - നിഴല്‍പോലെ (മലയാളകവിത) അന്‍വര്‍ ഷാ ഉമയനല്ലൂര്‍



കവിത               അന്‍വര്‍ ഷാ ഉമയനല്ലൂര്‍
Poem              Anwar Shah Umayanalloor


നിഴല്‍പോലെ

ഒരു ശോകശ്ലോകമായിന്നെന്റെമുന്നില്‍ നീ-
യെന്തിനായ് വന്നു മിഴിതുടച്ചു;
ഇഴകളകന്നുപോകുന്നയീ ജീവിത-
പ്പുടവയിന്നഴലാല്‍പ്പൊതിഞ്ഞുവച്ചു ?

തിരികേയൊരുകടലേകുവാനെങ്കില്‍ നീ-
യെന്തേ തൃസന്ധ്യ തിരഞ്ഞെടുത്തു
താനേയടഞ്ഞുപോകുന്നയീ വാതിലിന്‍
ചാരെയൊരുനീഴലായിനിന്നു ?

നിറമാര്‍ന്ന ചാറ്റല്‍മഴനാം പരസ്പരം
പങ്കിട്ടു പണ്ടെത്രയാസ്വദിച്ചു
പക്ഷെ-നീ-യിന്നീപ്പെരുമഴയൊറ്റയ്ക്കു
നന്നായ്‌പ്പൊതിഞ്ഞു മറന്നുവച്ചു.

തീരാക്കടംകഥപോലെന്‍ കനവുകള്‍-
ക്കുളളില്‍നീയൊരുചോദ്യമായിനില്‍ക്കേ,
സത്യത്തിലീമനമറിയാതെയൊരുകനല്‍
ക്കൂനയായ്‌ത്തീരുകയായിരുന്നു.

ഒരുകുഞ്ഞുപക്ഷിയോടിന്നെന്റെയുളളിലെ-
ക്കരയുന്ന നിളതന്‍ കഥപറഞ്ഞു
തിരിയാതെയീഗ്രീഷ്മചക്രമെന്‍ ഹൃത്തുപോ-
ലറിയാതെ നിന്‍വിധിയോര്‍ത്തുനിന്നു.

മകളെന്ന മുകുളം മലരായിമാറുവാന്‍
നാളുകളെത്രഞാന്‍ കാത്തിരുന്നു
തളരാതെയിക്കാലമത്രയും നോവിന്റെ-
വേനല്‍ക്കുടിച്ചു സഹിച്ചുനിന്നു.

ഹൃത്താളമിടറിയ രാവൊന്നില്‍ ജീവന്റെ-
നാളം കെടുത്താന്‍ തുനിഞ്ഞിരുന്നു
ഇന്നുമീ സന്ധ്യയ്ക്കതിന്നായൊരുങ്ങവേ-
യിങ്ങുനീ-കാവ്യമായൊഴുകിവന്നു.


Saturday, 4 August 2012

കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് നേടിയ പ്രിയ സുഹൃത്ത് ശ്രീ. കുരീപ്പുഴ ശ്രീകുമാര്‍ അവര്‍കള്‍ക്ക് ഹൃദയാശംസകള്‍
ശ്രീ. എം.എ. ബേബി (മുന്‍ വിദ്യാഭ്യാസ വകുപ്പുമന്ത്രി, അന്‍വര്‍ ഷാ ഉമയനല്ലൂര്‍, ശ്രീ. കുരീപ്പുഴ ശ്രീകുമാര്‍ (എന്റെ രണ്ടാമത് കാവ്യസമാഹാരം ഏറ്റുവാങ്ങിയ വേളയില്‍) - 2007


കവിത                                      അന്‍വര്‍ ഷാ ഉമയനല്ലൂര്‍

ചിങ്ങപ്പുലരിയില്‍


തനിമയോടീണത്തിലൊഴുകിവന്നനുദിനം
പാടിയുണര്‍ത്തുമരുവിപോലെ
പുലരിത്തുടിപ്പിനോടൊപ്പമിങ്ങെത്തുന്നു;
ചിങ്ങമിന്നേറെത്തെളിമയോടെ.

എന്മനച്ചില്ലയിലൊരു-കുഞ്ഞുപറവതന്‍
കൂജനമുയരുന്നു പതിവുപോലെ
നീന്തിത്തുടിച്ചു രസിപ്പിതാ ചിരകാല-
സ്വപ്നങ്ങളോരോന്നുമിന്നുചാരെ.

ഹൃദ്യമായുണരട്ടെ നന്മതന്‍ സൗവര്‍ണ്ണ-
മുകുളങ്ങളെങ്ങുമീ നല്ലനാളില്‍
ചിറകടിച്ചുയരട്ടെ നിന്മനോവാടിയില്‍
നിറമുളള ശലഭങ്ങളിന്നുരാവില്‍.

മാനസമെന്നും മനോജ്ഞമായ്‌ത്തീരുവാ-
നാസ്വദിച്ചീടുകെന്‍-ഗ്രാമശാന്തി
നീളെത്തെളിഞ്ഞ നീലാംബരംപോലെനി-
ക്കാനന്ദമേകുന്നിതിന്റെ കാന്തി.

തങ്ങുന്നിതാ, ചിങ്ങമിങ്ങടുത്തെത്തവേ-
യാരാമമാകെയും ഹാ! സുഗന്ധം
ചെന്നതിന്‍ ചാരത്തിരിക്കെയിന്നെന്‍മനം
നുകരുന്നു ഗതകാല ബാല്യദുഗ്ദ്ധം.

കണ്ണെത്തിടാത്ത ദൂരത്തോളമെന്‍ഗ്രാമ-
മാകെയുമുന്മേഷ വേലിയേറ്റം
നന്മ നിറഞ്ഞൊഴുകുന്നയീ വേളയില്‍
മന്മലയാളം സ്തുതിച്ചിതേറ്റം.

വന്നെത്തി വര്‍ണ്ണങ്ങളെങ്ങും നിറച്ചിടാന്‍
ധരണിയിലേക്കുണര്‍വ്വിന്‍ വെളിച്ചം
ഗ്രാമേയ സ്മേരം നുണഞ്ഞിന്നുനില്‍ക്കയാ-
ലാടിത്തിമിര്‍ക്കയാണെന്റെ ചിത്തം.

പുത്തനാമോദമേകീടുവാന്‍ സൗമ്യമാ-
യെത്തുന്നൊരായിരം പൂത്തുമ്പികള്‍
കത്തുന്ന വയറുകള്‍ക്കാശ്വാസമേകിടാ-
നൊത്തുചേര്‍ന്നീടേണ്ടതില്ലേനമ്മള്‍ ?



Saturday, 23 June 2012

പെയ്തൊഴിയാതെ - മലയാള കവിത - Malayalam Poem - Peythozhiyathe

                                           Poem - ANWAR SHAH UMAYANALLOOR
umayanalloor.blogspot.com


                            കവിത 


പെയ്തൊഴിയാതെ

ഒരുമഴത്തുളളിയായ് താഴേയ്ക്കുവീഴിലും
നിന്മൊഴിത്തുളളികളേകുന്നു വിസ്മയം
ചെറുപുഴയ്ക്കൊപ്പമകന്നുപോമെങ്കിലും
പിന്നെയും നന്മയുണര്‍ത്തുന്നു നിന്‍സ്വനം.
മണ്‍മറഞ്ഞീടുന്നതിന്‍മുന്‍പ് ബുധജനം
പിന്‍തിരിഞ്ഞൊന്നുശ്രദ്ധിക്കു തൃപ്പാരിടം
മുന്‍ലോകരറിവിന്റെയുറവകള്‍കണ്ടിടം
ജനമനസ്സാക്ഷിക്കുണര്‍വ്വുനല്‍കുന്നിടം.

വികൃതമാക്കുന്നുനാമെന്നാല്‍ നിരന്തരം
സുകൃതദാതാവിന്റെ രമണീയവദനവും
രണഭൂമികള്‍സ്വയംതീര്‍ക്കുമീ നരവംശ-
ഭരണംനിരീക്ഷിച്ചുരുകുമെന്‍ ധരണിയും.
കണ്ണുപോ,രിന്നിതുകാണുവാനുള്‍ക്കണ്ണു-
തന്നെവേണം മനുജര്‍ക്കെന്നു നിശ്ചയം!
തന്‍കാര്യമാണിതെന്നിന്നറിഞ്ഞീടില്‍നാം
പിന്‍തിരിഞ്ഞൊന്നിതിലേക്കുശ്രദ്ധിക്കണം.

സര്‍വ്വം തകര്‍ക്കുന്നിതാചിലര്‍ മഹിയിതില്‍
മുനകോര്‍ത്തമുളളുപോലുളള ദുര്‍ചിന്തയാല്‍
തണ്ണീര്‍ത്തടങ്ങള്‍‌ മറഞ്ഞുപോംവേളയില്‍
കണ്ണീര്‍ത്തടങ്ങള്‍ നിറയുന്നു ഝടിതിയില്‍.
നരയുളള പൊയിനിറങ്ങള്‍ നുകര്‍ന്നീടിനാല്‍
ചിരിമാഞ്ഞു; ഗ്രാമീണ ബാലപുഷ്പങ്ങളില്‍
വരികയെന്നിനിയിളംതെന്നലെന്‍ നാടിന്റെ
ശാലീനവാര്‍നിറുക മെല്ലെത്തലോടുവാന്‍ ?

സാദരം ശ്രദ്ധക്ഷണിച്ചുകൊണ്ടിന്നുഞാന്‍
നില്‍ക്കേ, സവിശേഷഗ്രാമം മറഞ്ഞുപോയ്
മോദം ക്ഷയിച്ചയെന്‍പ്രാണത്തുലാസിന്റെ
തട്ടിതാ ഖേദംനിറഞ്ഞിന്നു താഴ്ന്നുപോയ്.
ശിശിരവൃക്ഷങ്ങള്‍കണക്കെയിന്നങ്ങിങ്ങു
നില്‍പ്പുണ്ടറിവിന്‍ദളങ്ങള്‍ കൊഴിഞ്ഞവര്‍
അഴലകത്തൊന്നൊതുക്കീടുവാനാകാതെ,
ചാരത്തുമഴമുകില്‍ വീഴ്ത്തിടുന്നശ്രുനീര്‍.






















ജീവിതം...ഈവിധം.. (അന്‍വര്‍ ഷാ ഉമയനല്ലൂര്‍)

 ഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃ ...